03:38pm 24 June 2026
NEWS
പനാമ ലോകകപ്പിൽ നിന്നും പുറത്ത്; നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തി ക്രൊയേഷ്യ
24/06/2026  06:32 AM IST
nila
പനാമ ലോകകപ്പിൽ നിന്നും പുറത്ത്; നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തി ക്രൊയേഷ്യ

വാഷിങ്ടൺ: ലോകകപ്പിൽ നിർണായക വിജയവുമായി ക്രൊയേഷ്യ. ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പനാമയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ക്രൊയേഷ്യ അവസാന പതിനാറിലേക്കുള്ള പ്രതീക്ഷകൾ സജീവമാക്കിയത്. തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ പാനമ ടൂർണമെന്റിൽ നിന്ന് പുറത്താകുകയും ചെയ്തു.

ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം സമ്മർദത്തിലായിരുന്ന ക്രൊയേഷ്യയ്ക്ക് ഈ ജയം നിർണായകമാണ്. രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ നാല് പോയിന്റ് വീതമുള്ള ഇംഗ്ലണ്ടും ഘാനയും ഗ്രൂപ്പിൽ മുന്നിലാണ്. അതിനാൽ അവസാന ഗ്രൂപ്പ് മത്സരങ്ങളാകും യോഗ്യത നിർണയിക്കുക.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ക്രൊയേഷ്യ ആക്രമണ സൂചനകൾ നൽകി. രണ്ടാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ച് അപകടകരമായ മുന്നേറ്റം നടത്തിയെങ്കിലും ഗോൾ നേടാനായില്ല. എന്നാൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് പനാമ പുറത്തെടുത്തത്. സംഘടിതമായ ആക്രമണങ്ങളിലൂടെ അവർ ക്രൊയേഷ്യൻ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു.

ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാക്കോവിച്ചിന്റെ നിർണായക സേവുകളാണ് ആദ്യ പകുതിയിൽ ടീമിനെ രക്ഷിച്ചത്. പന്തടക്കത്തിൽ മേൽക്കൈ നേടിയെങ്കിലും ആക്രമണത്തിൽ മൂർച്ച കാട്ടാൻ ക്രൊയേഷ്യയ്ക്ക് കഴിഞ്ഞില്ല.

ഇടവേളയ്ക്ക് ശേഷം പകരക്കാരെ ഇറക്കിയതോടെ ക്രൊയേഷ്യയുടെ ആക്രമണങ്ങൾക്ക് കൂടുതൽ ജീവൻ ലഭിച്ചു. അതിന്റെ ഫലമായി 54-ാം മിനിറ്റിൽ ആന്റെ ബുദിമിർ നേടിയ ഗോളിലൂടെ അവർ മുന്നിലെത്തി. പകരക്കാരനായെത്തിയ താരം ആദ്യ അവസരം തന്നെ ഗോളാക്കി മാറ്റുകയായിരുന്നു.

ഗോളിന് പിന്നാലെ ക്രൊയേഷ്യ കൂടുതൽ ആക്രമണങ്ങൾ നടത്തിയെങ്കിലും പനാമൻ ഗോൾകീപ്പറുടെ മികവ് സ്കോർ ഉയരുന്നത് തടഞ്ഞു. മറുവശത്ത് കൗണ്ടർ അറ്റാക്കുകളിലൂടെ പാനമ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും സമനില ഗോൾ കണ്ടെത്താനായില്ല.

അവസാന വിസിൽ മുഴങ്ങുമ്പോൾ സ്കോർബോർഡിൽ ക്രൊയേഷ്യയുടെ 1-0 ലീഡ് തുടർന്നു. നിർണായക മൂന്ന് പോയിന്റുമായി മടങ്ങിയ ക്രൊയേഷ്യ നോക്കൗട്ട് സാധ്യതകൾ നിലനിർത്തിയപ്പോൾ, പനാമയുടെ ലോകകപ്പ് യാത്രക്ക് തിരശീല വീണു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img